11:57pm 02 October 2026
NEWS
വി ഡി സതീശന്റെ വാച്ചിനും 'സ്പോൺസറോ'? മുഖ്യമന്ത്രിയുടെ കൈയിലെ വാച്ചിന് ചെറിയ പൈസ പോരാ...
02/10/2026  09:58 PM IST
nila
വി ഡി സതീശന്റെ വാച്ചിനും സ്പോൺസറോ? മുഖ്യമന്ത്രിയുടെ കൈയിലെ വാച്ചിന് ചെറിയ പൈസ പോരാ...

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും നിലപാടുകളും മാത്രമല്ല, അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. യാത്രകളും വസ്ത്രധാരണവും ഉപയോഗിക്കുന്ന വസ്തുക്കളുമെല്ലാം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്ന സാഹചര്യത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കൈയിലെ വാച്ചാണ് ഇപ്പോൾ ചർച്ചയാകുന്നത്.

വാച്ചുകളെക്കുറിച്ച് വീഡിയോകൾ ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റർ എം. ലിഫിൻ ആണ് ഇൻസ്റ്റഗ്രാമിലെ ‘Chronograph 2022’ എന്ന പ്രൊഫൈലിലൂടെ സതീശൻ ധരിച്ച വാച്ചിനെക്കുറിച്ച് വിവരങ്ങൾ പങ്കുവെച്ചത്. സ്വിസ് വാച്ച് നിർമാതാക്കളായ ബോം ആൻഡ് മെർസിയറിന്റെ ‘ക്ലാസിമ’ മോഡലാണ് സതീശന്റെ കൈയിലുള്ളതെന്നാണ് വീഡിയോയിൽ പറയുന്നത്.

സ്റ്റീൽ കെയ്‌സുള്ള ഈ മോഡലിന് കമ്പനിയുടെ രണ്ട് വർഷത്തെ വാറണ്ടിയുണ്ടെന്നും ഓൺലൈൻ വിപണിയിൽ ഏകദേശം 1.08 ലക്ഷം രൂപയാണ് വിലയെന്നും വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. വാച്ചിനെക്കുറിച്ച് സംസാരിച്ചപ്പോൾ ഇത് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്ന് വി.ഡി. സതീശൻ പറഞ്ഞതായും ലിഫിൻ അവകാശപ്പെടുന്നു.

അതേസമയം, ‘ഗിഫ്റ്റ്’ ആയി ലഭിച്ച വാച്ചിന്റെ വിവരങ്ങൾ അടുത്തിടെ ഉയർന്ന സ്പോൺസർഷിപ്പ് വിവാദവുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ ചർച്ചകളും ഉയരുന്നുണ്ട്. മലപ്പുറത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ വി.ഡി. സതീശൻ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.

യാത്രയ്ക്കായി ഉപയോഗിച്ച വിമാനം സ്വകാര്യ വ്യക്തിയാണ് സ്പോൺസർ ചെയ്തതെന്നായിരുന്നു സതീശന്റെ വിശദീകരണം. എന്നാൽ, വിമാനം സ്പോൺസർ ചെയ്ത വ്യക്തിയുടെ പേര് അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വാച്ച് സമ്മാനമായി ലഭിച്ചതിനെക്കുറിച്ചുള്ള പരാമർശവും സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img